Thursday 2 July 2009

ഭയം അഥവാ പേടി

ഇന്ന് ഇവിടെ ഭയങ്കര മഴയായിരുന്നു.. ഭയങ്കര മഴ എന്ന് കേട്ട് തെറ്റിദ്‌ധരിക്കേണ്ട. നാട്ടിലെ മഴ പോലെ ഒന്നും അല്ല. കുറച്ച് നേരം പെയ്യും. പിന്നെ കുറ്റം പറയരുതല്ലോ, മഴ പെയ്താൽ അതിഭയങ്കരമായ തണുപ്പാണ്, അതു കൊണ്ട് മഴ നനയണ മോഹമൊക്കെ പറിച്ച് ചട്ടിയിൽ നടുന്നതാണ് ബുദ്‌ധി. എന്നാലും ഇടയ്ക്കൊക്കെ ഞങ്ങൾ മഴ നനയാറുണ്ട്. ഒരു മോഹം, അത്ര തന്നെ..

മഴ പെയ്യുന്നതും നോക്കി കിടന്നപ്പോൾ എന്തെങ്കിലും എഴുതാൻ തോന്നി. അക്ഷരങ്ങൾ കയ്യെത്താവുന്ന ദൂരത്ത് ഓടിക്കളിക്കുന്നു.. എന്നിട്ടും എഴുതിയില്ല, എഴുന്നേൽക്കാൻ മടി. അയ്യോ, അതു പറഞ്ഞില്ലല്ലോ, കിടപ്പിലാണ്.. തീരെ വയ്യാതെ അല്ല കേട്ടോ. കുറേ ദിവസായി വലത് തോളെല്ലിനൊരു വേദന. കഴിഞ്ഞാഴ്ച്ച ആ വേദന കേറി കഴുത്തിനു പിടിച്ചു. എണീക്കാനും തലയനക്കാനും വയ്യ. തോന്നിയ പോലെ വളഞ്ഞിരുന്ന് വായിച്ചിട്ടാണ് എന്നാണ് “വളരെ നല്ല പകുതിയുടെ” കണ്ടുപിടിത്തം.. എവിടേയോ മറന്നുവച്ച എന്റെ അക്ഷരങ്ങളെ തിരിച്ച്പിടിക്കാൻ നോക്കുമ്പോഴാ ഒരു കുശുമ്പ്.

കഴിഞ്ഞാഴ്ച്ച ഇവിടെ ഒരു അവധിയായിരുന്നു. അത് കൊണ്ട് ഡോക്ടർമാരില്ല. Hospital-ൽ പോവാൻ മടിച്ച് ഒരു ദിവസം കിടന്നു. പക്ഷേ സഹിക്കാൻ വയ്യാതായപ്പോൾ പോയി. പോകുന്ന പോക്കിൽ ഒരു സഡൻബ്രേക്ക്! അലറിവിളിച്ചത് കൊണ്ട് തെറി വിളിക്കാൻ പറ്റിയില്ല. അല്ലെങ്കിലും പതുക്കെ ഓടിച്ചാൽ എന്തോ നാണക്കേടാണ് എന്നാണ് ഭാവം..

അവിടെ ചെന്നപ്പോൾ പോവേണ്ടായിരുന്നു എന്ന് തോന്നി. അവിടെയും ഇവിടെയും പിടിച്ചമർ‌ത്തി ഒരു painkiller തന്ന് വിട്ടു. ഒരാഴ്ച്ച കഴിഞ്ഞ് വേദന ഉണ്ടെങ്കിൽ ചെല്ലാൻ പറഞ്ഞു. രാത്രി car ഓടിക്കേണ്ട എന്നും പറഞ്ഞു. ഓടിക്കാൻ അറിയാത്തവർ‌ക്ക് രാത്രിയും പകലും തമ്മിൽ എന്ത് വ്യത്യാസം.. എന്തായാലും ഇനി ആ വഴിക്ക് ഇല്ല. ഇന്ന് ഇത്തിരി കൂടുതൽ ആയിരുന്നു. അത് കൊണ്ട് ജാലകത്തിന്റെ ഇത്തിരി ആകാശത്തിൽ മഴ പെയ്യുന്നതും നോക്കിക്കിടന്നു.

ഇവിടുത്തെ ആശുപത്രീടെ കാര്യം ഒന്നും പറയണ്ട. ചെല്ലാൻ കാതിരിക്ക്യാ വേറേ ഒന്നിനും അല്ല, ചോദ്യങ്ങൾ ചോദിച്ച് മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ.അലെർജീണ്ടൊ, (കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടായാലും മതി), പഞ്ചാര ഉണ്ടോ, ഇരുന്നുകഴിഞ്ഞാൽ പിന്നെ എണീക്കാതെ നടക്കാൻ പറ്റോ എന്നൊക്കെ.
ഇത്രേം എഴുതിയപ്പോൾ നാലുകൊല്ലം മുൻപ് ആദ്യമായി ആശുപത്രിയിൽ പോയത് ഓർമ വന്നു.
വീട്ടിൽ നിന്നും 3 മിനുട്ട് ദൂരേള്ളൂ tram (റോഡിൽ ഓടുന്ന ട്രെയിൻ) സ്റ്റോപ്പിലേക്ക്. എന്നാലും എല്ലാ ദിവസവും ഓടാറാണു പതിവ്. പതിവു പോലെ ഞാനും മോളും ഇറങ്ങി. മോളെ ഡോക്ടർന്റെ അടുത്ത് കൊണ്ടു പോകാൻ ഇറങ്ങിയതാൺ. അതാ വരുന്നു ട്രാം. ഞങ്ങൾ ഒറ്റ ഓട്ടം. (സിഗ്നൽ പെട്ടെന്ന് ചുവപ്പായിരുന്നു.) പിന്നെ ഒരു നിമിഷത്തേക്ക് എനിക്കൊന്നും ഓർമയില്ല. നോക്കുമ്പോൾ എന്റെ കണ്ണിനു നേരെ ഒരു പുതിയ B M W ന്റെ ടയർ. ഞാൻ എണീക്കാൻ വേണ്ടി കാത്തു നിൽക്കുന്നു.
എന്തായാലും നമസ്ക്കരിച്ചത് ഒരു B M W X5 നെ ആണല്ലോ എന്ന സമാധാനത്തിൽ ഞൊണ്ടി നടന്നു.

കാലിന്റെ മുട്ട് ഇടിച്ചിട്ടാണു വീണത്. കൈ ചെറുതായി ഉരഞ്ഞിട്ടുണ്ട്. മുഖത്തിനു (സൗന്ദര്യം) ഒന്നും പറ്റിയിട്ടില്ല, സമാധാനം. എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴല്ലേ ,കാൽ രണ്ടും നല്ല വേദന. സമയം ആറുമണി കഴിഞ്ഞു. ഹോസ്പിറ്റൽ തന്നെ ശരണം. പോയി. ഏതാണ്ട് ഒരു മണിക്കൂർ കാത്തിരിപ്പിനു ശേഷം ഡോക്ടർ വന്നു.വെളുത്ത കോട്ടിന്റെ മുൻഭാഗം മുഴുവൻ ചോര തെറിച്ചിട്ടുണ്ട്. അകത്തിരിക്കുമ്പോൾ ഒരാളെ തള്ളികൊണ്ടുവന്നു. തലയുടെ പിൻഭാഗം മുഴുവൻ അങ്ങനേ തുന്നിച്ചേർത്തുവച്ചിട്ടുണ്ട്. അതും കൂടി കണ്ടപ്പോൾ ഞാൻ രണ്ടാമതൊരു വീഴ്ച്ചയ്ക്കും കൂടി തയ്യാറെടുത്തതായിരുന്നു. പക്ഷെ ഭാഗ്യം!
പിന്നെ ഡോക്ടർ എന്റെ നേരെ തിരിഞ്ഞു. പതിവുപോലെ കുറെ ചോദ്യങ്ങൾ. ഒരു കഷ്ണം പഞ്ഞി എടുത്ത് മുട്ട് കാണിക്കാൻ പറഞ്ഞു. അതാ ചരിത്രപ്രധാനമായ നിമിഷം. ഞാൻ കരയാൻ റെഡിയായി ഇരിക്കാണ്. ഒറ്റ തുടയ്ക്കൽ ,എന്നിട്ട് എന്റെ നേരെ ഒരു നോട്ടം . ആ നോട്ടം ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല.

അപ്പോൾ ഞാനും മുട്ടിലേക്കു നോക്കി. Worldmap ൽ Sreelanka പോലെ ഒരു കുത്ത്. അതുംകൊണ്ട് Hospital ൽ കേറി ചെന്ന് കരയാൻ റെഡിയായി ഇരിക്കുന്ന എന്നോട് എനിക്കു തന്നെ ഒരു ബഹുമാനം തോന്നി. അപ്പോൾ ഡോക്ടർക്കോ? Company dinner വേണ്ടാന്നു വച്ച് കൂടെ വന്ന ആളെ ഞാൻ മനപ്പൂർവം അവഗണിച്ചു.
എന്തായാലും വന്നതല്ലേ എന്നു വിചാരിച്ച് ഒരു injection കൂടി എടുത്തു

അതിനുശേഷം Hospital എന്ന് കേൾക്കുന്നതേ നാണക്കേടാണ്.പക്ഷേ സത്യം പറയാലോ, അന്നെനിക്ക് നല്ല വേദന ഉണ്ടായിരുന്നു,കഴിഞ്ഞ ആഴ്ചയും.


വാൽകഷ്ണം

പണ്ട് 12 വയസ്സുള്ളപ്പോൾ കാലിൽ ഒരു മുറി വന്നെന്നും അതുനോക്കി എല്ലാ ദിവസവും കരഞ്ഞ് ശല്യം സഹിക്ക വയ്യാതെ Hospital ൽ കൊണ്ടു പോയപ്പോ ഒരു injection കൂടി എടുക്കാമെന്നു പറഞ്ഞു തിരിഞ്ഞു നോക്കിയപ്പൊ എന്നെ കണ്ടില്ലെന്നും ഏതാണ്ട് ഒരു കിലോമീറ്റർ ദൂരം റോഡിലൂടെ ഓടി ഒറ്റയ്ക്കു വീട്ടിൽ എത്തിയെന്നും അതാണ് എന്റെ ആദ്യത്തെ തീരുമാനമെന്നും ( ഒളിച്ചോട്ടം) ചിലർ പറഞ്ഞു നടക്കാൻ തുടങ്ങിയിട്ടു കുറെ കാലമായി. ഇത്തരം കുപ്രചരണങ്ങൾ നിങ്ങളാരും വിശ്വസിക്കില്ല എന്ന ഉത്തമവിശ്വാസത്തോടെ...

കാളിന്ദി

Monday 11 May 2009

ഉദ്ദണ്ഡശാസ്ത്രികൾ

ഒരു പാട് നാളായി ഇവിടെ വന്നിട്ട്. ഒരു വലിയ ഇടവേള!
രണ്ടു പോസ്റ്റ് എഴുതിയപ്പോഴേക്കും പ്രതിഭ വറ്റിവരണ്ടോ എന്നു സംശയം..

“പലായധ്വം പലായധ്വം രേ രേ ദുഷ്കവികുഞജരാഃ
വേദാന്ത വനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ”


എന്നു പറഞ്ഞ് ഈ ബൂലോകത്തേക്ക് വന്നതാണ്.. പണ്ട് ശക്തൻ‌തമ്പുരാന്റെ സദസ്സിലേക്ക് ഉദ്ദണ്ഡശാസ്ത്രികൾ വന്നതുപോലെ.

അർത്ഥം:
അല്ലയോ ദുഷ്ക്കവികളാകുന്ന ആനകളേ, നിങ്ങൾ ഓടിക്കൊള്ളുവിൻ;
എന്തെന്നാൽ വേദാന്തമാകുന്ന വനത്തിൽ സഞ്ചരിക്കുന്ന ഉദ്ദണ്ഡനാകുന്ന സിംഹം ഇതാ വരുന്നു

[ ഐതിഹ്യമാലയിൽ നിന്നും എടുത്ത് എഴുതിയതാണ്, ഉമേഷ്ജി വായിക്കില്ല എന്ന ഉത്തമ വിശ്വാസത്തിൽ ]

കഥയും കവിതയും ഒന്നും എഴുതാറില്ല, വേദാന്തം ഒട്ടും ഇല്ല.
എന്നാലും ജി.എസ്.പ്രദീപിനെ [ അശ്വമേധം ] കുറിച്ചു പറയുന്നതു പോലെ എന്തെങ്കിലും ഒക്കെ എഴുതണ്ടെ?

പിന്നെ എഴുതാതിരുന്നതിന്റെ പ്രധാന കാരണം മടി തന്നെ ആണ്. സമയം ഇല്ല എന്ന മുടന്തൻ ന്യായം വേണമെങ്കിൽ പറയാം. എല്ലാവർക്കും 24 മണിക്കൂറല്ലേ ഉള്ളൂ. പിന്നെ എനിക്കു മാത്രം എന്താ ഈ സമയക്കുറവ്? മൂന്നും നാലു തരം ബ്ലോഗുകൾ എഴുതുന്നവരില്ലേ? അതും വ്യത്യസ്ത ഭാഷകളിൽ..

അപ്പോൾ ഞാൻ പൂർവാധികം ശക്തിയോടെ തിരിച്ച് വന്നിരിക്കുന്നു. ഇനി തുടർച്ചയായി എഴുതാനാണ് ഭാവം. ശ്രമിക്കാം അല്ലേ? ( നിങ്ങളുടെ കഷ്ടകാലം)

പോവുന്നതിനു മുൻപ് ഒരു ചെറിയ തമാശ...

ഒരു അമ്മ ഹിമക്കരടിയും കുട്ടി ഹിമക്കരടിയും കൂടി സംസാരിക്കുകയായിരുന്നു

കുട്ടി : അമ്മേ ഞാൻ ശരിക്കുള്ള ഹിമക്കരടിയാണോ?
അമ്മ : അതേ
കുട്ടി : അച്ഛനും അമ്മയും ശരിക്കുള്ള ഹിമക്കരടികളാണോ?
അമ്മ : അതേ
കുട്ടി : എന്റെ മുത്തശ്ശനും മുത്തശ്ശിയുമോ?
അമ്മ : അവരും..
കുട്ടി : അവരുടെ അച്ഛനും അമ്മയുമോ?

ഇത്രയും കൂടി കേട്ടപ്പോൾ അമ്മയ്ക്ക് ശരിക്കും ദേഷ്യം വന്നു..

അമ്മ : നീ എന്താ ഇങ്ങനെ വീണ്ടും വീണ്ടും ചോദിച്ച് കൊണ്ടിരിക്കുന്നത്? നിന്റെ കുടുംബത്തിലെ എല്ലാവരും നല്ല ഒന്നാന്തരം ഹിമക്കരടികൾ ആണ്...

കുട്ടി : അത്.. അമ്മേ എനിക്ക് തണുക്കുന്നു..

[ 7 വയസ്സായ എന്റെ മകൾ പറഞ്ഞു തന്ന തമാശ ആണ് ഇത് ]

സ്നേഹപൂർവ്വം
കാളിന്ദി

Sunday 15 February 2009

ആഘോഷങ്ങൾ

അങ്ങനെ ഒരു ആഘോഷം കൂടി കടന്നു പോയി.കമിതാക്കളുടെ ദിവസം. മനസ്സിൽ പ്രണയം പൂത്തുലഞ്ഞ് നിൽക്കുമ്പോൾ ഒരു പ്രത്യേക ദിവസം വേണോ അതാഘോഷിക്കാൻ എന്ന് വേറെ ഒരു കൂട്ടർ. പക്ഷെ ആഘോഷിക്കണം എന്നു തന്നെയാണു എന്റെ അഭിപ്രായം.
ലോകസമാധാനത്തിനുള്ള ദിവസമില്ലെ, എന്നിട്ടെവിടെ സമാധാനം?എന്തിന് നമ്മുക്കുണ്ടോ സമാധാനം? പിന്നെ ഇതു പോലെ ഉള്ള പ്രത്യേക ദിവസങ്ങളെ പറ്റി തിരഞ്ഞപ്പോൾ ശരിക്കും അന്തം വിട്ടുപോയി, അത്രയ്ക്കും അധികം ഉണ്ടായിരുന്നു ആഘോഷങ്ങൾ. പിന്നെന്തു കൊണ്ട് നമ്മുടെ നാട്ടിൽ മാത്രം ഇതൊന്നും പാടില്ലെന്ന് പറയുന്നത്?

അതൊക്കെ പോട്ടെ ,പറയാനുള്ളത് പ്രണയത്തെക്കുറിച്ചാണ്. ഒരു തവണ മനസ്സിലെങ്കിലും പ്രണയിക്കാത്തവർ ഇല്ലെന്നാണല്ലോ പ്രമാണം. നനുത്ത മഴയായി, ഇളം കാറ്റായി, മകരക്കുളിരായി നമ്മെ പൊതിയുമ്പോൾ നമ്മളതിൽ അലിഞ്ഞ് പോകുന്നു. ആഞ്ഞു വരുന്ന തിരമാല അവസാനം തിരിച്ചു പോകുമ്പോൾ കാലടികളെ തഴുകുന്നതുപോലെ കൈകൾ ചേർത്തുപിടിച്ച് ചുണ്ടുകൾ മൃദുവാ‍യി കവിളിലോടുമ്പോൾ ഈ ലോകത്തിനോട് ആർത്തുവിളിക്കണമെന്നു തോന്നുമ്പോഴും സ്വകാര്യം പറയുന്നു "ഞാനൊരാളെ പ്രണയിക്കുന്നു". ഈ നിമിഷങ്ങൾക്കുവേണ്ടിയാണ് ജനിച്ചതെന്നു തോന്നും, വർഷങ്ങളോളം കാത്തിരുന്നതും. ഒന്നു കാണാൻ സംസാരിക്കാൻ.... എന്തും ചെയ്യുന്നു. പ്രണയിക്കുന്ന പലരും കവികളാകുന്നു. ഇങ്ങനെയുള്ള കമിതാക്കൾക്കായി ഒരു ദിവസം മാറ്റിവച്ചാൽ എന്താണു കുഴപ്പം? ആ ഒരു ദിവസം കാത്ത് നമ്മളിരിക്കുന്നു, പ്രതീക്ഷയോടെ, ആകാംക്ഷയോടെ, ഒരുപാട് സ്വപ്നങ്ങൾ നെയ്ത്.

വർഷങ്ങൾക്കു ശേഷം ഓർക്കാൻ കൂടി എന്തു രസമായിരിക്കും. അപ്പൊഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാകും. ചിലപ്പൊ ഓർത്തിട്ടേ ഉണ്ടാവില്ല, പിന്നെ ഇപ്പോൾ ഏറ്റവും
കൂടുതൽ കേൾക്കുന്ന കാരണവും കേൾക്കാം "സമയം കിട്ടിയില്ല".
അപ്പോൾ കൂട്ടുകാരേ, ആഘോഷിക്കേണ്ട സമയത്ത് ആഘോഷിക്കണം (അർമാദിക്കണം). എല്ലാവരും നന്നായി അടിച്ച്പൊളിച്ചിണ്ടാവുമെന്നു കരുതുന്നു. ഇല്ലാത്തവരോ കാത്തിരിക്കുക... നിങ്ങൾക്കു മാത്രമായി ഒരാൾ ജനിച്ചിട്ടുണ്ട്

Tuesday 27 January 2009

അതിമോഹം

"തപലാപ്പീസില്‍നിന്നു തിരിച്ചു പോരുമ്പോള്‍ ഓരോ കാലടിവെപ്പിലും കനംകൂട്ടിവെച്ച ശാന്തത മുഴുവന്‍ ഒരു നിമിഷംകൊണ്ടു തകര്‍ന്നുപോവുമോ എന്ന് ഭയം തോന്നി . കരയരുത് , കരയരുത് . കണ്ണുകളുടെ പശ്ചാത്തലത്തിലെവിടെയോ വേരുകളിളകുന്നതുപോലെ ഒരു കടച്ചില്‍ തോന്നി " - എം.ടി

ഇതുപോലെ ഒരു വാചകം സ്വന്തമായി എഴുതാന്‍ ഈ ജന്മം സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ് അടുത്ത ജന്മത്തിന് കാത്തിരിക്കുന്നതിനിടയിലാണ് ബ്ലോഗിങ് എന്ന് കേട്ടത് .എന്നാല്‍ പിന്നെ ഒരു കൈ നോക്കിയാലോ എന്ന് തോന്നി .പിന്നെ പ്രോത്സാഹനം കൂടി സഹിക്കാന്‍ വയ്യാതായപ്പോള്‍ എന്തായാലും എഴുതാന്‍ തീരുമാനിച്ചു .(അദേഹത്തിന്റെ വിചാരം ഞാന്‍ എന്തൊക്കെയോ ആണെന്നാണ് ,നമ്മുടെ കാര്യം നമുക്കല്ലേ അറിയൂ ) എന്ത് എഴുതും എന്നായിരുന്നു അടുത്ത പ്രശ്നം .അവസാനം മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ മനോഹരമായ (കവിത തുളുമ്പുന്ന) വരികളാവട്ടെ തുടക്കം എന്ന് തീരുമാനിച്ചു. എല്ലാ പൊസ്റ്റിലും ഒരു വരി എഴുതിയാൽ കുറേ കഴിയുമ്പോള്‍ എനിക്കും അങ്ങനെ ഒരു കഴിവ് കിട്ടിയാലോ?

അതിമോഹം എന്നല്ലേ ഇതിനൊക്കെ പറയാ .എന്തായാലും ആകാശത്തോളം മോഹിക്കുമ്പോള്‍ ഒരു ചെറിയ മണല്ക്കൂനയെങ്കിലും കിട്ടിയാലോ .ബഹളം ഒഴിഞ്ഞു എഴുതുന്ന പാടു വേറെ .

മലയാളത്തില്‍ ഒരുപാടു വായനക്കാരുണ്ടായിരുന്ന ഒരു നോവലിസ്റ്റ് പറഞ്ഞതിപ്പോള്‍ ഓര്‍മ വരുന്നു. അദ്ദേഹം മൂന്ന് നോവലുകളെ വായിച്ചിട്ടുള്ളൂ എന്ന് . ഞാനും ഒരുപാട് ഒന്നും വായിച്ചിട്ടില്ല,ഇപ്പൊ തീരെ ഇല്ല . കുറെ വായിക്കുന്നവരോടും എഴുതുന്നവരോടും പാടുന്നവരോടും സ്പോർട്സ് ചെയ്യുന്നവരോടും പ്രസംഗിക്കുന്നവരോടും അങ്ങനെ അങ്ങനെ എല്ലാവരോടും എനിക്കു ബഹുമാനമാണ്( അസൂയയാണ്).

അപ്പോൾ സ്നേഹിതരേ ഞാൻ തുടങ്ങിക്കഴിഞ്ഞു. അഭിപ്രായങ്ങൾക്ക് സ്വാഗതം. ഇടയ്ക്കെല്ലാം വന്നു നോക്കൂ.. എന്തെങ്കിലും കുത്തിക്കുറിച്ചത് കാണാം..