Thursday 2 July 2009

ഭയം അഥവാ പേടി

ഇന്ന് ഇവിടെ ഭയങ്കര മഴയായിരുന്നു.. ഭയങ്കര മഴ എന്ന് കേട്ട് തെറ്റിദ്‌ധരിക്കേണ്ട. നാട്ടിലെ മഴ പോലെ ഒന്നും അല്ല. കുറച്ച് നേരം പെയ്യും. പിന്നെ കുറ്റം പറയരുതല്ലോ, മഴ പെയ്താൽ അതിഭയങ്കരമായ തണുപ്പാണ്, അതു കൊണ്ട് മഴ നനയണ മോഹമൊക്കെ പറിച്ച് ചട്ടിയിൽ നടുന്നതാണ് ബുദ്‌ധി. എന്നാലും ഇടയ്ക്കൊക്കെ ഞങ്ങൾ മഴ നനയാറുണ്ട്. ഒരു മോഹം, അത്ര തന്നെ..

മഴ പെയ്യുന്നതും നോക്കി കിടന്നപ്പോൾ എന്തെങ്കിലും എഴുതാൻ തോന്നി. അക്ഷരങ്ങൾ കയ്യെത്താവുന്ന ദൂരത്ത് ഓടിക്കളിക്കുന്നു.. എന്നിട്ടും എഴുതിയില്ല, എഴുന്നേൽക്കാൻ മടി. അയ്യോ, അതു പറഞ്ഞില്ലല്ലോ, കിടപ്പിലാണ്.. തീരെ വയ്യാതെ അല്ല കേട്ടോ. കുറേ ദിവസായി വലത് തോളെല്ലിനൊരു വേദന. കഴിഞ്ഞാഴ്ച്ച ആ വേദന കേറി കഴുത്തിനു പിടിച്ചു. എണീക്കാനും തലയനക്കാനും വയ്യ. തോന്നിയ പോലെ വളഞ്ഞിരുന്ന് വായിച്ചിട്ടാണ് എന്നാണ് “വളരെ നല്ല പകുതിയുടെ” കണ്ടുപിടിത്തം.. എവിടേയോ മറന്നുവച്ച എന്റെ അക്ഷരങ്ങളെ തിരിച്ച്പിടിക്കാൻ നോക്കുമ്പോഴാ ഒരു കുശുമ്പ്.

കഴിഞ്ഞാഴ്ച്ച ഇവിടെ ഒരു അവധിയായിരുന്നു. അത് കൊണ്ട് ഡോക്ടർമാരില്ല. Hospital-ൽ പോവാൻ മടിച്ച് ഒരു ദിവസം കിടന്നു. പക്ഷേ സഹിക്കാൻ വയ്യാതായപ്പോൾ പോയി. പോകുന്ന പോക്കിൽ ഒരു സഡൻബ്രേക്ക്! അലറിവിളിച്ചത് കൊണ്ട് തെറി വിളിക്കാൻ പറ്റിയില്ല. അല്ലെങ്കിലും പതുക്കെ ഓടിച്ചാൽ എന്തോ നാണക്കേടാണ് എന്നാണ് ഭാവം..

അവിടെ ചെന്നപ്പോൾ പോവേണ്ടായിരുന്നു എന്ന് തോന്നി. അവിടെയും ഇവിടെയും പിടിച്ചമർ‌ത്തി ഒരു painkiller തന്ന് വിട്ടു. ഒരാഴ്ച്ച കഴിഞ്ഞ് വേദന ഉണ്ടെങ്കിൽ ചെല്ലാൻ പറഞ്ഞു. രാത്രി car ഓടിക്കേണ്ട എന്നും പറഞ്ഞു. ഓടിക്കാൻ അറിയാത്തവർ‌ക്ക് രാത്രിയും പകലും തമ്മിൽ എന്ത് വ്യത്യാസം.. എന്തായാലും ഇനി ആ വഴിക്ക് ഇല്ല. ഇന്ന് ഇത്തിരി കൂടുതൽ ആയിരുന്നു. അത് കൊണ്ട് ജാലകത്തിന്റെ ഇത്തിരി ആകാശത്തിൽ മഴ പെയ്യുന്നതും നോക്കിക്കിടന്നു.

ഇവിടുത്തെ ആശുപത്രീടെ കാര്യം ഒന്നും പറയണ്ട. ചെല്ലാൻ കാതിരിക്ക്യാ വേറേ ഒന്നിനും അല്ല, ചോദ്യങ്ങൾ ചോദിച്ച് മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ.അലെർജീണ്ടൊ, (കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടായാലും മതി), പഞ്ചാര ഉണ്ടോ, ഇരുന്നുകഴിഞ്ഞാൽ പിന്നെ എണീക്കാതെ നടക്കാൻ പറ്റോ എന്നൊക്കെ.
ഇത്രേം എഴുതിയപ്പോൾ നാലുകൊല്ലം മുൻപ് ആദ്യമായി ആശുപത്രിയിൽ പോയത് ഓർമ വന്നു.
വീട്ടിൽ നിന്നും 3 മിനുട്ട് ദൂരേള്ളൂ tram (റോഡിൽ ഓടുന്ന ട്രെയിൻ) സ്റ്റോപ്പിലേക്ക്. എന്നാലും എല്ലാ ദിവസവും ഓടാറാണു പതിവ്. പതിവു പോലെ ഞാനും മോളും ഇറങ്ങി. മോളെ ഡോക്ടർന്റെ അടുത്ത് കൊണ്ടു പോകാൻ ഇറങ്ങിയതാൺ. അതാ വരുന്നു ട്രാം. ഞങ്ങൾ ഒറ്റ ഓട്ടം. (സിഗ്നൽ പെട്ടെന്ന് ചുവപ്പായിരുന്നു.) പിന്നെ ഒരു നിമിഷത്തേക്ക് എനിക്കൊന്നും ഓർമയില്ല. നോക്കുമ്പോൾ എന്റെ കണ്ണിനു നേരെ ഒരു പുതിയ B M W ന്റെ ടയർ. ഞാൻ എണീക്കാൻ വേണ്ടി കാത്തു നിൽക്കുന്നു.
എന്തായാലും നമസ്ക്കരിച്ചത് ഒരു B M W X5 നെ ആണല്ലോ എന്ന സമാധാനത്തിൽ ഞൊണ്ടി നടന്നു.

കാലിന്റെ മുട്ട് ഇടിച്ചിട്ടാണു വീണത്. കൈ ചെറുതായി ഉരഞ്ഞിട്ടുണ്ട്. മുഖത്തിനു (സൗന്ദര്യം) ഒന്നും പറ്റിയിട്ടില്ല, സമാധാനം. എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴല്ലേ ,കാൽ രണ്ടും നല്ല വേദന. സമയം ആറുമണി കഴിഞ്ഞു. ഹോസ്പിറ്റൽ തന്നെ ശരണം. പോയി. ഏതാണ്ട് ഒരു മണിക്കൂർ കാത്തിരിപ്പിനു ശേഷം ഡോക്ടർ വന്നു.വെളുത്ത കോട്ടിന്റെ മുൻഭാഗം മുഴുവൻ ചോര തെറിച്ചിട്ടുണ്ട്. അകത്തിരിക്കുമ്പോൾ ഒരാളെ തള്ളികൊണ്ടുവന്നു. തലയുടെ പിൻഭാഗം മുഴുവൻ അങ്ങനേ തുന്നിച്ചേർത്തുവച്ചിട്ടുണ്ട്. അതും കൂടി കണ്ടപ്പോൾ ഞാൻ രണ്ടാമതൊരു വീഴ്ച്ചയ്ക്കും കൂടി തയ്യാറെടുത്തതായിരുന്നു. പക്ഷെ ഭാഗ്യം!
പിന്നെ ഡോക്ടർ എന്റെ നേരെ തിരിഞ്ഞു. പതിവുപോലെ കുറെ ചോദ്യങ്ങൾ. ഒരു കഷ്ണം പഞ്ഞി എടുത്ത് മുട്ട് കാണിക്കാൻ പറഞ്ഞു. അതാ ചരിത്രപ്രധാനമായ നിമിഷം. ഞാൻ കരയാൻ റെഡിയായി ഇരിക്കാണ്. ഒറ്റ തുടയ്ക്കൽ ,എന്നിട്ട് എന്റെ നേരെ ഒരു നോട്ടം . ആ നോട്ടം ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല.

അപ്പോൾ ഞാനും മുട്ടിലേക്കു നോക്കി. Worldmap ൽ Sreelanka പോലെ ഒരു കുത്ത്. അതുംകൊണ്ട് Hospital ൽ കേറി ചെന്ന് കരയാൻ റെഡിയായി ഇരിക്കുന്ന എന്നോട് എനിക്കു തന്നെ ഒരു ബഹുമാനം തോന്നി. അപ്പോൾ ഡോക്ടർക്കോ? Company dinner വേണ്ടാന്നു വച്ച് കൂടെ വന്ന ആളെ ഞാൻ മനപ്പൂർവം അവഗണിച്ചു.
എന്തായാലും വന്നതല്ലേ എന്നു വിചാരിച്ച് ഒരു injection കൂടി എടുത്തു

അതിനുശേഷം Hospital എന്ന് കേൾക്കുന്നതേ നാണക്കേടാണ്.പക്ഷേ സത്യം പറയാലോ, അന്നെനിക്ക് നല്ല വേദന ഉണ്ടായിരുന്നു,കഴിഞ്ഞ ആഴ്ചയും.


വാൽകഷ്ണം

പണ്ട് 12 വയസ്സുള്ളപ്പോൾ കാലിൽ ഒരു മുറി വന്നെന്നും അതുനോക്കി എല്ലാ ദിവസവും കരഞ്ഞ് ശല്യം സഹിക്ക വയ്യാതെ Hospital ൽ കൊണ്ടു പോയപ്പോ ഒരു injection കൂടി എടുക്കാമെന്നു പറഞ്ഞു തിരിഞ്ഞു നോക്കിയപ്പൊ എന്നെ കണ്ടില്ലെന്നും ഏതാണ്ട് ഒരു കിലോമീറ്റർ ദൂരം റോഡിലൂടെ ഓടി ഒറ്റയ്ക്കു വീട്ടിൽ എത്തിയെന്നും അതാണ് എന്റെ ആദ്യത്തെ തീരുമാനമെന്നും ( ഒളിച്ചോട്ടം) ചിലർ പറഞ്ഞു നടക്കാൻ തുടങ്ങിയിട്ടു കുറെ കാലമായി. ഇത്തരം കുപ്രചരണങ്ങൾ നിങ്ങളാരും വിശ്വസിക്കില്ല എന്ന ഉത്തമവിശ്വാസത്തോടെ...

കാളിന്ദി