Monday 11 May 2009

ഉദ്ദണ്ഡശാസ്ത്രികൾ

ഒരു പാട് നാളായി ഇവിടെ വന്നിട്ട്. ഒരു വലിയ ഇടവേള!
രണ്ടു പോസ്റ്റ് എഴുതിയപ്പോഴേക്കും പ്രതിഭ വറ്റിവരണ്ടോ എന്നു സംശയം..

“പലായധ്വം പലായധ്വം രേ രേ ദുഷ്കവികുഞജരാഃ
വേദാന്ത വനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ”


എന്നു പറഞ്ഞ് ഈ ബൂലോകത്തേക്ക് വന്നതാണ്.. പണ്ട് ശക്തൻ‌തമ്പുരാന്റെ സദസ്സിലേക്ക് ഉദ്ദണ്ഡശാസ്ത്രികൾ വന്നതുപോലെ.

അർത്ഥം:
അല്ലയോ ദുഷ്ക്കവികളാകുന്ന ആനകളേ, നിങ്ങൾ ഓടിക്കൊള്ളുവിൻ;
എന്തെന്നാൽ വേദാന്തമാകുന്ന വനത്തിൽ സഞ്ചരിക്കുന്ന ഉദ്ദണ്ഡനാകുന്ന സിംഹം ഇതാ വരുന്നു

[ ഐതിഹ്യമാലയിൽ നിന്നും എടുത്ത് എഴുതിയതാണ്, ഉമേഷ്ജി വായിക്കില്ല എന്ന ഉത്തമ വിശ്വാസത്തിൽ ]

കഥയും കവിതയും ഒന്നും എഴുതാറില്ല, വേദാന്തം ഒട്ടും ഇല്ല.
എന്നാലും ജി.എസ്.പ്രദീപിനെ [ അശ്വമേധം ] കുറിച്ചു പറയുന്നതു പോലെ എന്തെങ്കിലും ഒക്കെ എഴുതണ്ടെ?

പിന്നെ എഴുതാതിരുന്നതിന്റെ പ്രധാന കാരണം മടി തന്നെ ആണ്. സമയം ഇല്ല എന്ന മുടന്തൻ ന്യായം വേണമെങ്കിൽ പറയാം. എല്ലാവർക്കും 24 മണിക്കൂറല്ലേ ഉള്ളൂ. പിന്നെ എനിക്കു മാത്രം എന്താ ഈ സമയക്കുറവ്? മൂന്നും നാലു തരം ബ്ലോഗുകൾ എഴുതുന്നവരില്ലേ? അതും വ്യത്യസ്ത ഭാഷകളിൽ..

അപ്പോൾ ഞാൻ പൂർവാധികം ശക്തിയോടെ തിരിച്ച് വന്നിരിക്കുന്നു. ഇനി തുടർച്ചയായി എഴുതാനാണ് ഭാവം. ശ്രമിക്കാം അല്ലേ? ( നിങ്ങളുടെ കഷ്ടകാലം)

പോവുന്നതിനു മുൻപ് ഒരു ചെറിയ തമാശ...

ഒരു അമ്മ ഹിമക്കരടിയും കുട്ടി ഹിമക്കരടിയും കൂടി സംസാരിക്കുകയായിരുന്നു

കുട്ടി : അമ്മേ ഞാൻ ശരിക്കുള്ള ഹിമക്കരടിയാണോ?
അമ്മ : അതേ
കുട്ടി : അച്ഛനും അമ്മയും ശരിക്കുള്ള ഹിമക്കരടികളാണോ?
അമ്മ : അതേ
കുട്ടി : എന്റെ മുത്തശ്ശനും മുത്തശ്ശിയുമോ?
അമ്മ : അവരും..
കുട്ടി : അവരുടെ അച്ഛനും അമ്മയുമോ?

ഇത്രയും കൂടി കേട്ടപ്പോൾ അമ്മയ്ക്ക് ശരിക്കും ദേഷ്യം വന്നു..

അമ്മ : നീ എന്താ ഇങ്ങനെ വീണ്ടും വീണ്ടും ചോദിച്ച് കൊണ്ടിരിക്കുന്നത്? നിന്റെ കുടുംബത്തിലെ എല്ലാവരും നല്ല ഒന്നാന്തരം ഹിമക്കരടികൾ ആണ്...

കുട്ടി : അത്.. അമ്മേ എനിക്ക് തണുക്കുന്നു..

[ 7 വയസ്സായ എന്റെ മകൾ പറഞ്ഞു തന്ന തമാശ ആണ് ഇത് ]

സ്നേഹപൂർവ്വം
കാളിന്ദി