Sunday 15 February 2009

ആഘോഷങ്ങൾ

അങ്ങനെ ഒരു ആഘോഷം കൂടി കടന്നു പോയി.കമിതാക്കളുടെ ദിവസം. മനസ്സിൽ പ്രണയം പൂത്തുലഞ്ഞ് നിൽക്കുമ്പോൾ ഒരു പ്രത്യേക ദിവസം വേണോ അതാഘോഷിക്കാൻ എന്ന് വേറെ ഒരു കൂട്ടർ. പക്ഷെ ആഘോഷിക്കണം എന്നു തന്നെയാണു എന്റെ അഭിപ്രായം.
ലോകസമാധാനത്തിനുള്ള ദിവസമില്ലെ, എന്നിട്ടെവിടെ സമാധാനം?എന്തിന് നമ്മുക്കുണ്ടോ സമാധാനം? പിന്നെ ഇതു പോലെ ഉള്ള പ്രത്യേക ദിവസങ്ങളെ പറ്റി തിരഞ്ഞപ്പോൾ ശരിക്കും അന്തം വിട്ടുപോയി, അത്രയ്ക്കും അധികം ഉണ്ടായിരുന്നു ആഘോഷങ്ങൾ. പിന്നെന്തു കൊണ്ട് നമ്മുടെ നാട്ടിൽ മാത്രം ഇതൊന്നും പാടില്ലെന്ന് പറയുന്നത്?

അതൊക്കെ പോട്ടെ ,പറയാനുള്ളത് പ്രണയത്തെക്കുറിച്ചാണ്. ഒരു തവണ മനസ്സിലെങ്കിലും പ്രണയിക്കാത്തവർ ഇല്ലെന്നാണല്ലോ പ്രമാണം. നനുത്ത മഴയായി, ഇളം കാറ്റായി, മകരക്കുളിരായി നമ്മെ പൊതിയുമ്പോൾ നമ്മളതിൽ അലിഞ്ഞ് പോകുന്നു. ആഞ്ഞു വരുന്ന തിരമാല അവസാനം തിരിച്ചു പോകുമ്പോൾ കാലടികളെ തഴുകുന്നതുപോലെ കൈകൾ ചേർത്തുപിടിച്ച് ചുണ്ടുകൾ മൃദുവാ‍യി കവിളിലോടുമ്പോൾ ഈ ലോകത്തിനോട് ആർത്തുവിളിക്കണമെന്നു തോന്നുമ്പോഴും സ്വകാര്യം പറയുന്നു "ഞാനൊരാളെ പ്രണയിക്കുന്നു". ഈ നിമിഷങ്ങൾക്കുവേണ്ടിയാണ് ജനിച്ചതെന്നു തോന്നും, വർഷങ്ങളോളം കാത്തിരുന്നതും. ഒന്നു കാണാൻ സംസാരിക്കാൻ.... എന്തും ചെയ്യുന്നു. പ്രണയിക്കുന്ന പലരും കവികളാകുന്നു. ഇങ്ങനെയുള്ള കമിതാക്കൾക്കായി ഒരു ദിവസം മാറ്റിവച്ചാൽ എന്താണു കുഴപ്പം? ആ ഒരു ദിവസം കാത്ത് നമ്മളിരിക്കുന്നു, പ്രതീക്ഷയോടെ, ആകാംക്ഷയോടെ, ഒരുപാട് സ്വപ്നങ്ങൾ നെയ്ത്.

വർഷങ്ങൾക്കു ശേഷം ഓർക്കാൻ കൂടി എന്തു രസമായിരിക്കും. അപ്പൊഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാകും. ചിലപ്പൊ ഓർത്തിട്ടേ ഉണ്ടാവില്ല, പിന്നെ ഇപ്പോൾ ഏറ്റവും
കൂടുതൽ കേൾക്കുന്ന കാരണവും കേൾക്കാം "സമയം കിട്ടിയില്ല".
അപ്പോൾ കൂട്ടുകാരേ, ആഘോഷിക്കേണ്ട സമയത്ത് ആഘോഷിക്കണം (അർമാദിക്കണം). എല്ലാവരും നന്നായി അടിച്ച്പൊളിച്ചിണ്ടാവുമെന്നു കരുതുന്നു. ഇല്ലാത്തവരോ കാത്തിരിക്കുക... നിങ്ങൾക്കു മാത്രമായി ഒരാൾ ജനിച്ചിട്ടുണ്ട്